09:44pm 25 April 2026
NEWS
അന്താരാഷ്ട്ര നേട്ടവുമായി നുവാല്‍സ് വിദ്യാര്‍ഥികള്‍; യുഎസിലെ ജെസ്സപ് മൂട്ട് മത്സരത്തില്‍ ജയം
24/04/2026  04:07 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
അന്താരാഷ്ട്ര നേട്ടവുമായി നുവാല്‍സ് വിദ്യാര്‍ഥികള്‍; യുഎസിലെ ജെസ്സപ് മൂട്ട് മത്സരത്തില്‍ ജയം
HIGHLIGHTS

 ശ്രുതി സൂസന്‍ മാത്യൂ, നിയതി പ്രഭു,  ഉസ്തത് കൗര്‍ സേതി, അനശ്രുത റോയ്, ദിവ്യ ഉപാധ്യായ് എന്നിവര്‍ ജെസ്സപ്പ് മൂട്ട് മത്സരത്തില്‍ നിന്നുള്ള റിച്ചാര്‍ഡ് ആര്‍ ബാക്സ്റ്റര്‍ അവാര്‍ഡുമായി.

 

പൊതു അന്താരാഷ്ട്ര നിയമരംഗത്തെ അഭിമാനവേദികളിലൊന്നായ ഫിലിപ്പ് സി ജെസ്സപ് അന്താരാഷ്ട്ര നിയമ മൂട്ട് കോര്‍ട്ട് മത്സരത്തില്‍ നുവാല്‍സിന് മികച്ച നേട്ടം. അന്താരാഷ്ട്ര തലത്തിലെ മികച്ച അപ്ലിക്കന്റ് മെമോറിയല്‍ വിഭാഗത്തിലുള്ള റിച്ചാര്‍ഡ് ആര്‍ ബാക്സ്റ്റര്‍ അവാര്‍ഡാണ് നുവാല്‍സ് വിദ്യാര്‍ഥികള്‍ കരസ്ഥമാക്കിയത്. അവസാനവര്‍ഷ വിദ്യാര്‍ഥികളായ അനശ്രുത റോയ്, ദിവ്യ ഉപാധ്യായ്, നിയതി പ്രഭു, ശ്രുതി സൂസന്‍ മാത്യൂ, നാലാം വര്‍ഷ വിദ്യാര്‍ഥിയായ ഉസ്തത് കൗര്‍ സേതി എന്നിവരടങ്ങുന്നതാണ് നുവാല്‍സ് സംഘം.

വാഷിങ്ടണ്‍ ഡിസിയിലെ ക്യാപിറ്റോള്‍ ഹില്‍ ഹയാത് റീജന്‍സിയില്‍ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 4 വരെയായിരുന്നു വൈറ്റ് ആന്‍ഡ് കേസ് അന്താരാഷ്ട്ര മത്സരങ്ങള്‍ നടന്നത്. വാദിഭാഗത്തിനായി എഴുതപ്പെടുന്ന വാദഗതികളുടെ മികവു കണക്കിലെടുത്ത് നൽകുന്ന ഈ പുരസ്കാരം, വിദ്യാര്‍ഥികളുടെ നിയമ ഗവേഷണ ശേഷിയും, വിശകലനാത്മകതയും കരട് നിര്‍മാണ വൈദഗ്ധ്യവും തെളിയിക്കുന്നതാണ്. ഈ വര്‍ഷത്തെ പതിപ്പിൽ 99 രാജ്യങ്ങളില്‍ നിന്ന് 806 ടീമുകളാണ് പങ്കെടുത്തത്.

ജെസ്സപ്പ് മൂട്ട് അഥവാ ജെസ്സപ്പ് എന്ന് പൊതുവെ അറിയപ്പെടുന്ന ഈ മത്സരം, ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ളതും വലുതുമായ അന്താരാഷ്ട്ര മൂട്ട് കോർട്ട് മത്സരമാണ്. വിദ്യാര്‍ഥിസംഘങ്ങള്‍  പ്രതിനിധീകരിക്കുന്ന രാജ്യങ്ങള്‍ തമ്മില്‍ ഒരു സാങ്കൽപ്പിക തർക്കം അവതരിപ്പിക്കുകയും, അത് ഐക്യരാഷ്ട്രസഭയുടെ പ്രധാന നിയമ സ്ഥാപനമായ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ  മുമ്പാകെ നടക്കുന്ന നടപടിക്രമങ്ങളുടെ മാതൃകയില്‍ പുരോഗമിക്കുകയും ചെയ്യുന്നു. പങ്കെടുക്കുന്ന ടീമുകൾ വാദി-പ്രതിഭാഗങ്ങളില്‍ നിന്നുള്ള വാദമുഖങ്ങള്‍ തയ്യാറാക്കുകയും ഇരു പക്ഷങ്ങളുടെയും നിലപാടുകൾ വാദിക്കുകയും ചെയ്യേണ്ടതുണ്ട്. പ്രായോഗികമായി വിദ്യാര്‍ഥികളില്‍ അഭിഭാഷക വൈദഗ്ധ്യം വളര്‍ത്തുക എന്നതാണ് ഇത്തരം വേദികള്‍ ലക്ഷ്യമിടുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img